Auto

ഇന്നോവ ക്രിസ്റ്റ : മാറ്റങ്ങൾ എന്തൊക്കെ?

innova crysta

ഇന്നോവ; ഇന്ത്യ ഇത്രയേറെ സ്നേഹിച്ച വാഹനം വേറെയില്ല. ജപ്പാനില്‍നിന്ന് അതിഥിയായെത്തി ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ സ്ഥാനം നേടിയ ചുരുക്കം ചില വാഹനങ്ങളില്‍ പ്രധാനിയാണ് ടൊയോട്ടയുടെ ഇന്നോവ. പലപ്പോഴായി മുഖം മിനുക്കി സൗന്ദര്യം കൂട്ടിയെത്തിയപ്പോഴൊക്കെ ഇരുകൈയും നീട്ടിയാണ് ഇന്നോവയെന്ന സുന്ദരിയെ ജനങ്ങള്‍ സ്വീകരിച്ചത്. ഭരണനേതൃത്വം, നിയമപാലകര്‍ എന്നു തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെ ഇഷ്ടവാഹനവും ഔദ്യോഗിക വാഹനവും എന്ന ഖ്യാതിയും ഇന്നോവ നേടിയിട്ടുണ്ട്. ഒടുവില്‍ വാഹനപ്രേമികള്‍ സ്ത്രീത്വമുള്ള വാഹനം എന്ന് ഓമനപ്പേരിട്ടിരുന്ന ഇന്നോവ പേരിനൊപ്പം മുഖവും മിനുക്കി അടിമുടി മാറ്റത്തോടെ പൗരുഷരൂപത്തോടെ ഇന്നോവ ക്രിസ്റ്റയായി എത്തുമ്പോള്‍ കാഴ്ചവയ്ക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വളയം തിരിച്ചാല്‍ അറിയാം. പൂര്‍ണമായും ടഫ് റോഡ് പെര്‍ഫോമന്‍സിനു പറ്റിയ രീതിയിലാണ് ക്രിസ്റ്റയുടെ നിര്‍മാണം.

മാറ്റങ്ങളേറെ

പഴയ ഇന്നോവയില്‍നിന്ന് അടിമുടി മാറിയാണ് ക്രിസ്റ്റയുടെ വരവ്. പുതിയ പ്ലാറ്റ്ഫോമില്‍, പുതിയ ബോഡിയില്‍, പുതിയ ഉള്‍വശം തുടങ്ങി എസ്യുവിയില്‍നിന്ന് എംപിവിയായി ആണ് ക്രിസ്റ്റ രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. പഴയ ഇന്നോവയില്‍നിന്നു പൂര്‍ണമായും മാറി മുന്‍ഭാഗത്തിന്‍റെ ഉയരം വര്‍ധിപ്പിച്ചതിനോടൊപ്പം ആകര്‍ഷകമായ ഹെക്സജന്‍ ഗ്രില്ലും അതിനെ ആവരണം ചെയ്ത് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളില്‍ അവസാനിക്കുന്ന സ്റ്റീല്‍ ക്രോമുകളും മുന്‍ഭാഗത്തിന് അഴകു പകരുന്ന ഘടകങ്ങളാണ്. ഇവയ്ക്കൊപ്പം കരുത്തുറ്റ വലിയ ബമ്പറുകളും നല്കിയിരിക്കുന്നു. എല്‍ഇഡി ലാമ്പുകളുടെ പ്രതലത്തില്‍ നല്കിയിരിക്കുന്ന ഹാലജന്‍ ലൈറ്റുകള്‍ ആദ്യകാഴ്ചയില്‍തന്നെ ക്രിസ്റ്റയെ ആകര്‍ഷകമാക്കുന്നു. ഇന്നോവയില്‍നിന്ന് ഹെഡ്ലാമ്പില്‍ നല്കിയിരിക്കുന്ന മാറ്റം ഇന്‍ഡിക്കേറ്ററിന്‍റെ സ്ഥാനം മാറ്റിയതാണ്. ബമ്പറിന്‍റെ താഴ്ഭാഗത്തായി ഫോഗ് ലാമ്പിന്‍റെ ഇരുവശങ്ങളിലുമായാണ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം.

മനംകൊതിപ്പിക്കുന്ന സൗന്ദര്യം

എയറോ ഡൈനാമിക് ഡിസൈനിംഗില്‍ ഗ്ലോബല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് അസസ്മെന്‍റ് ബോഡി(ജിഒഎ)യാണ് ക്രിസ്റ്റയിലുള്ളത്. ഇന്നോവയേക്കാള്‍ അല്പം നീളവും വീതിയും കൂടുതലുണ്ടെങ്കിലും വളരെ ലളിതമായാണ് രൂപകല്പന. 4,735എംഎം നീളവും 1,830എംഎം വീതിയും 1,795എംഎം ഉയരവും ക്രിസ്റ്റയ്ക്കുണ്ട്. ഓട്ടോ ഫോള്‍ഡ് റിയര്‍ വ്യൂ മിററുകള്‍ ക്രിസ്റ്റയില്‍ പുതിയതാണ്.

പിന്‍ഭാഗത്തിനും കാതലായ മാറ്റമുണ്ട്. ത്രികോണാകൃതിയിലും, ഹാച്ച് ഡോറിലേക്കു കയറി നില്‍ക്കുന്ന ടെയ്ല്‍ ലാമ്പുകളും ഡോറിനു മധ്യത്തിലായി നല്കിയിരിക്കുന്ന വലിയ ലോഗോയും പഴയ ഇന്നോവയ്ക്ക് അവകാശപ്പെടാന്‍ സാധിക്കാത്തവയാണ്. ബാക് സ്പോയിലറുകളും ഷാര്‍ക്ക് ഫിന്‍ ഏരിയലും ക്രിസ്റ്റയിലെ പുതിയ പരീക്ഷണങ്ങളാണ്. ബമ്പറിലെ റിവേഴ്സ് സെന്‍സറുകളും നമ്പര്‍ പ്ലേറ്റിനു മുകളിലായി വരുന്ന റിവേഴ്സ് കാമറയിലും മാത്രമേ ഇന്നോവയോട് സാമ്യമുള്ളൂ.

ടോപ് എന്‍ഡ് മോഡലുകളില്‍ മൂന്നു സ്പോര്‍ക്കുകളുള്ള 17 ഇഞ്ച് അലോയി വീലുകള്‍ പ്രഥമ കാഴ്ചയില്‍ തന്നെ ക്രിസ്റ്റയുടെ സ്പോട്ടി ലുക്ക് അറിയിക്കുന്നു. എന്നാല്‍, മറ്റ് ഓപ്ഷനുകളില്‍ 16 ഇഞ്ച് റിമ്മുകളാണ് നല്കിയിരിക്കുന്നത്. 2750എംഎം വീല്‍ബേസും 200എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വീലുകള്‍ക്കുള്ളത്.

ഉള്‍വശം പ്രീമിയം ലുക്കില്‍

innova crysta interior

ആഡംബര കാറുകളെ വെല്ലുന്ന തരത്തിലുള്ള ഇന്‍റീരിയറാണ് ക്രിസ്റ്റയ്ക്കു നല്കിയിരിക്കുന്നത്. തികച്ചും ആഡ്യത്വം നിറഞ്ഞു നില്‍ക്കുന്ന വുഡന്‍ ഫിനീഷിംഗ് നല്കിയിരിക്കുന്ന ഡാഷ്ബോര്‍ഡാണ് ടോപ് എന്‍ഡ് വേരിയന്‍റിന്‍റെ പ്രധാന ആകര്‍ഷണം. ലളിതമായി സെന്‍ട്രല്‍ കണ്‍സോളില്‍ ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റവും അതിനു തൊട്ടുതാഴെയായി എസി കണ്‍ട്രോളിംഗ് യൂണിറ്റും ഒട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിംഗ് യൂണിറ്റും മാത്രമേ നല്കിയിട്ടുള്ളൂ എന്നത് കണ്‍സോളിന്‍റെ രൂപകല്പനയെ മികവുറ്റതാക്കുന്നു. എല്ലാ നിരകളിലും എസി വിന്‍ഡോയും കണ്‍ട്രോളിംഗ് പാനലുകളും നല്കിയിട്ടുണ്ട്. ടോപ് എന്‍ഡ് മോഡലുകളില്‍ സിസ്റ്റത്തില്‍തന്നെ ജിപിഎസ് സംവിധാനവും നല്കുന്നുണ്ട്.

ആകര്‍ഷകമായ 3ഡി മോഡല്‍ മീറ്റര്‍ കണ്‍സോളാണ് ഇതിലുള്ളത്. ഇന്നോവയില്‍നിന്നു വ്യത്യസ്തമായി മീറ്റര്‍ കണ്‍സോളിന്‍റെ മധ്യത്തിലായി വലിയ ഡിജിറ്റല്‍ മീറ്ററും ക്രിസ്റ്റയില്‍ വരുന്നുണ്ട്. ഇതിന്‍റെ കണ്‍ട്രോളിംഗ് യൂണിറ്റ് സ്റ്റീയറിംഗ് വീലിന്‍റെ വലതുവശത്ത് നല്കിയിരിക്കുന്നു.

സ്പീഡിനു പ്രാധാന്യം നല്കുന്നവര്‍ക്ക് പവര്‍ മോഡും മൈലേജ് ആഗ്രഹിക്കുന്നവര്‍ക്കായി ഇക്കോ മോഡും വണ്‍ ടച്ചില്‍ ഒരുക്കിയിരിക്കുന്നു. ഡ്രൈവര്‍ സീറ്റിന് എട്ടു തരത്തില്‍ ഇലക്ട്രോണിക് ക്രമീകരണവും സ്റ്റീയറിംഗ് വീലിനു താഴെയായി സ്പീഡ് ടാപ്പ് ചെയ്ത് ഒരേ സ്പീഡ് നിലനിര്‍ത്താനുള്ള സൗകര്യവും സ്റ്റിയറിംഗ് വീലിന്‍റെ ടില്‍റ്റ്, ടെലിസ്കോപിക് കണ്‍ട്രോളിംഗും ഇന്നോവയില്‍നിന്നു ക്രിസ്റ്റയെ വ്യത്യസ്തമാക്കുന്നുണ്ട്.

മുന്നിലെ രണ്ടു നിരയിലും വലുപ്പമേറിയ ബക്കറ്റ് സീറ്റുകളാണ് നല്കിയിരിക്കുന്നത്. കൂടാതെ ഡോറിന്‍റെ വശങ്ങളിലെ ഹാന്‍ഡ് റെസ്റ്റുകള്‍ വുഡന്‍ ഫിനീഷിംഗില്‍ തീര്‍ത്തിരിക്കുന്നു. അനായാസം മടക്കുകയും ചെയ്യാം. പിന്‍സീറ്റുകളിലെ യാത്രക്കാര്‍ക്കുവേണ്ടി മിനി ടേബിള്‍ ട്രേയും മുന്നിലെ രണ്ടു സീറ്റിന്‍റെയും പുറകില്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ടാം നിരയിലെ യാത്രക്കാരനു കോ ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യവും സീറ്റുകളുടെ പ്രത്യേകതയാണ്. 300 ലിറ്റര്‍ ഡിക്കി സ്പേസിനു പുറമെ പിന്‍സീറ്റുകള്‍ മടക്കി വച്ച് സ്പേസ് കൂട്ടാം.

സുരക്ഷയില്‍ ഒട്ടും പിന്നിലല്ല

ബേസ് മോഡല്‍ മുതലുള്ള എല്ലാറ്റിലും എയര്‍ബാഗും എബിഎസും നല്കിയിരിക്കുന്നു. ടോപ്പ് എന്‍ഡ് മോഡലില്‍ ഏഴ് എയര്‍ ബാഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ടോപ് മോഡലില്‍ എബിഎസിനു പുറമെ ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബ്യൂഷനും നല്കിയിരിക്കുന്നു. ഉയരം കൂടിയ സ്ഥലങ്ങളില്‍ അനായാസം കയറുന്നതിനായി ഹില്‍ അസിസ്റ്റന്‍സ് സങ്കേതികവിദ്യയും ക്രിസ്റ്റയില്‍ പ്രവര്‍ത്തിക്കുന്നു.

കരുത്തുറ്റ എന്‍ജിന്‍

2755സിസി 2.8 ലിറ്റര്‍ എന്‍ജിന് 174 എച്ച്പി കുരുത്തും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണുള്ളത്. 2.4 ലിറ്റര്‍ 2395 സിസി ജിഡി എന്‍ജിനാവട്ടെ 150 എച്ച്പി കരുത്തും 343 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഇതിനുള്ളത്. ഓട്ടോമാറ്റിക്കിന് 14.29ഉം മാന്വലിനു 15.10മാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 16.1 ലക്ഷം മുതല്‍ 26.3 ലക്ഷം രൂപ വരെയാണ് കോട്ടയത്തെ ഓണ്‍റോഡ് വില. ഗ്രാനൈറ്റ് റെഡ്, ഗ്രാന്‍ഡ് ബ്രൗണ്‍, പേള്‍ വൈറ്റ്, ഗ്രേ, സില്‍വര്‍, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളില്‍ ക്രിസ്റ്റ ലഭിക്കും

നിരവധി ഇന്ത്യന്‍ ഉപയോക്താക്കളുടെ നിരന്തര അഭ്യര്‍ഥനകളെ മാനിച്ചാണ് പുതിയ രൂപത്തിലും ഭാവത്തിലും ഓട്ടോമാറ്റിക് എന്‍ജിനുമായി ഇന്നോവയെ അവതരിപ്പിച്ചിരിക്കുന്നത്.

Visit official site: http://www.toyotabharat.com/showroom/innova/

Leave a Reply

Your email address will not be published. Required fields are marked *