Business

വികസന പ്രതീക്ഷയുമായി കേരളം

pinarayi vijayan - chief minister of Kerala

“കേരളത്തിലെ അമ്മമാര്‍ക്കു മക്കളെ കണ്ടു കണ്ണടയ്ക്കാന്‍ സാധിക്കുകയില്ല…. ” പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യയുടെ സിഇഒ ആയിരുന്ന എഴുത്തുകാരനും മാനേജ്മെന്‍റ് വിദഗ്ധനുമായ ഗുര്‍ചരണ്‍ ദാസ് ഒരിക്കല്‍ പറയുകയുണ്ടായി.

കേരളത്തില്‍നിന്നു പുറത്തുപോയി ജോലി ചെയ്യുന്ന യുവതലമുറയെക്കുറിച്ചു പറയുകയായിരുന്നു അദ്ദേഹം. പരോക്ഷമായി കേരളത്തിന്‍റെ വ്യവസായ പിന്നോക്കാവസ്ഥയെക്കുറിക്കുന്ന ഏറ്റവും യോജിച്ച കമന്‍റുമായിരുന്നു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഗൃഹാതുരത്വം കൂടുതലുള്ളവരാണ് മലയാളികള്‍.

ഗുര്‍ചരണ്‍ ദാസിന്‍റെ പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ഈ കമന്‍റ് ഇപ്പോള്‍ അന്നത്തേക്കാള്‍ ഏറെ പ്രസക്തമാണ്. നൂറ്റമ്പതിലധികം എന്‍ജിനീയറിംഗ് കോളജുകളും മുപ്പതോളം മെഡിക്കല്‍ കോളജുകളും നൂറു കണക്കിനു നഴ്സിംഗ് കോളജുകളുമൊക്കെ ഉണ്ടായിട്ടും അതിന്‍റെ ദശാംശം ജോലികള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല.

തൊഴില്‍ സൃഷ്ടിക്കു മുന്‍തൂക്കം

അറിഞ്ഞോ അറിയാതെയോ തൊഴിലിനാണ് ഇടതു ജനാധിപത്യമുന്നണി പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ള ആദ്യത്തെ വാഗ്ദാനം. ഇരുപത്തിയഞ്ചു ലക്ഷം പേര്‍ക്ക് അടുത്ത അഞ്ചുവര്‍ഷക്കാലത്ത് തൊഴില്‍ നല്‍കുമെന്നാണ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഐ.റ്റി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്സ് തുടങ്ങി ആധുനിക വ്യവസായമേഖലകളിലുമായി കഴിവുള്ള 10 ലക്ഷം പേര്‍ക്കു അഞ്ചു വര്‍ഷം കൊണ്ട് തൊഴില്‍ ലഭ്യമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്രയടിയില്‍ നിന്നും 2.3 കോടി ചതുരശ്രയടിയായി വികസിപ്പിക്കും അതുവഴി 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ ലഭിക്കും എന്നിങ്ങനെയാണ് തൊഴില്‍ സൃഷ്ടിയെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍.

ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുക. സ്മാര്‍ട് സിറ്റിയെ അതിന്‍റെ ബാലാരിഷ്ടതകളില്‍ നിന്നും മികവിലേക്കുകയര്‍ത്തുക. എന്നിവയെല്ലാം തൊഴില്‍ മേഖലക്കായി ചെയ്യാനുള്ള കാര്യങ്ങളാണ്. സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കും നേട്ടമാകുന്ന ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആയിരത്തിയഞ്ഞൂറു സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

എന്തു ജോലി സൃഷ്ടിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ക്വാളിറ്റിയുള്ള ജോലികള്‍ സൃഷ്ടിക്കണമെങ്കില്‍ നല്ല നിക്ഷേപം വേണം. ഒരു തൊഴില്‍ സൃഷ്ടിക്കാന്‍ 10000 രൂപ മുതല്‍മുടക്കു വേണ്ടി വന്നാല്‍പ്പോലും 25 ലക്ഷം തൊഴില്‍ സൃഷ്ടിക്കാന്‍ 25,000 കോടി രൂപ അടുത്ത അഞ്ചുവര്‍ഷംകൊണ്ടു നിക്ഷേപം നടത്തണം. എന്നാല്‍ ഒരു ക്വാളിറ്റി തൊഴില്‍ സൃഷ്ടിക്കാന്‍ അതിലുമെത്രയോ തുക വേണമെന്നതു യാഥാര്‍ത്ഥ്യം.

മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തൊഴിലുറപ്പു പോലുള്ള പദ്ധതികൊണ്ടു വലിയ പ്രയോജനമില്ല. മികച്ച തൊഴിലുകളാണുണ്ടാവേണ്ടത്. ഖജനാവു കാലിയാണെന്നു മുന്‍കൂര്‍ പറഞ്ഞു വച്ചിട്ടുള്ള ഗവണ്മെന്‍റിന് ഇതെങ്ങനെ സാധ്യമാകുമെന്നതാണ് കാണ്ടറിയേണ്ട സംഗതി.

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതുവഴി മാത്രമേ തൊഴില്‍ സൃഷ്ടി സാധിക്കുകയുള്ളു. ഇടതുമുന്നണി ഗവണ്‍മെന്‍റിന്‍റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അത് എളുപ്പമാകുമെന്നു തോന്നുന്നില്ല. അട്ടിമറി, നോക്കു കൂലി തുടങ്ങിയവ മുന്‍കാലങ്ങളില്‍ വ്യാപാരത്തിനും വ്യവസായത്തിനും വെല്ലുവിളിയായിട്ടുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെപ്പോലുള്ള മികച്ച വ്യവസായികള്‍പോലും ഇതിന്‍റെ ചൂട് അറിഞ്ഞിട്ടുള്ളതാണ്.

കേരളത്തലെ ബാങ്കുകളില്‍ വിദേശ ഇന്ത്യക്കാരുടെ 1.12 ലക്ഷം കോടി രൂപ ചെറിയ ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപമായി കിടക്കുമ്പോള്‍ പോലും വ്യവസായമേഖലയിലേക്കു പണമെത്തുന്നില്ല എന്നതാണ് വിരോധാഭാസമായി തോന്നുന്നത്. വിദേശത്തു വിവിധ മേഖലകളില്‍ അനുഭവവും പരിചയവുമൊക്കെ ഉണ്ടായിട്ടും നല്ലൊരു പങ്കും കേരളത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാതെ മാറിനില്‍ക്കുന്നതിന്‍റെ കാരണം എന്താണെന്നു മനസിലാക്കി ആവശ്യമായ നയം മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍ ഇടതുമുന്നണിയുടെ ആദ്യത്തെ വാഗ്ദാനം നടപ്പാക്കാന്‍ തന്നെ വലിയ തോതില്‍ വിയര്‍പ്പൊഴുക്കേണ്ടതായി വരും.

ബിസിനസ് ചെയ്യാനും അവസാനിപ്പിക്കുവാനും സാധിക്കുന്ന എളുപ്പമുള്ള നയം ഇതിനാവശ്യമാണ്. കേരളത്തെ ബിസിനസ് സൗഹൃദ സംസ്ഥാനമായി മാറ്റുവാന്‍ എത്രത്തോളം ഗവണ്മെന്‍റിനു കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം.

ആരോഗ്യ മേഖല

കേരളത്തിന്‍റെ ചികിത്സാച്ചെലവ് കുത്തനെ ഉയരുകയാണ്. സാധാരണക്കാര്‍ക്ക് ചികിത്സാച്ചെലവ് താങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അസുഖം വന്നാല്‍ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലെങ്കില്‍ രോഗിയുടെ കുടുംബം സാമ്പത്തികമായി തകരുന്ന സ്ഥിതിവിശേഷമാണ നിലനില്‍ക്കുന്നത്.
ചെറിയ ആവശ്യത്തിനുപോലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലുമാണ്. മുഖ്യകാരണം സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരത്തകര്‍ച്ചയും ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുമൊക്കെയാണ്. മുപ്പതോളം മെഡിക്കല്‍ കോളജുകളും നൂറു കണക്കിനു നഴ്സിംഗ് കോളജുകളും ഉള്ള ഒരു സംസ്ഥാനത്തെ ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും നഴ്സിംഗ് കെയറുമില്ല എന്നു വന്നാല്‍ സംവിധാനത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ്.

പി.എച്ച് എസികളുടെ നിലവാരം ഉയര്‍ത്തുക.ആവളശ്യത്തിനു ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിവരുടെ എണ്ണം നിലനിര്‍ത്തുക. അവര്‍ക്ക് നല്ല രീതിയില്‍ വേതനം നല്‍കുക എന്നതെല്ലാം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡല്‍ഹിയിലെ ആം ആദ്മി ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ മാതൃകയാണ്. ചെറിയ ക്ലിനിക്കുകള്‍ തുറന്നു ‘കൂടുംബ ഡോക്ടര്‍’ സംവിധാനത്തിലൂടെ ചികിത്സാച്ചെലവ് കുറയ്ക്കാന്‍ കഴിയും. പ്രാഥമിക തലത്തില്‍തന്നെ ക്വാളിറ്റി ചികിത്സ ലഭ്യമാക്കിയാല്‍ പല സങ്കീര്‍ണതകളും ഒഴിവാക്കാന്‍ സാധിക്കും. സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണം.

പമ്പരാഗത ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിനു ഊന്നല്‍ നല്‍കാനുള്ള തീരുമാനം സംസ്ഥാനത്തിന്‍റെ പൊതു ആരോഗ്യ നില മെച്ചപ്പെടുത്തമെന്നുള്ളതില്‍ സംശയം വേണ്ട. ആരോഗ്യ രംഗത്തെ മെച്ചപ്പെടല്‍ വിനോദ സഞ്ചാരത്തിനും പരോക്ഷമായി വലിയ പിന്തുണയാണ് നല്‍കുക.

വിനോദ സഞ്ചാരം

കേരളത്തിന്‍റെ വരുമാനത്തിലേക്കു ഒരു പങ്ക് നല്‍കുന്ന പ്രധാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാരം. അത് സ്വദേശീയവും വിദേശീയവുമുണ്ട്. മദ്യ നയം പരോക്ഷമായി വിനോദ സഞ്ചാര മേഖലയെ ബാധിച്ചു എന്ന പഴിചാരലുകള്‍ ഇപ്പോഴും അവിടെ നിന്നും ഇവിടെ നിന്നുമെല്ലാം ഇടക്കിടക്കു കേള്‍ക്കാം. കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ തോതില്‍ വളര്‍ച്ചയുണ്ടാക്കി വരുമാനത്തിന്‍റെയും അതോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പുതിയ സര്‍ക്കാരിന്‍റെ അവകാശവാദം. പക്ഷേ എങ്ങനെയെന്നതാണ് പ്രശ്നം. ക്രമസമാധാന നില, ശുചിത്വം, ഗുണമേന്മയുള്ള താമസസ്ഥലവും ഭക്ഷണവുമെല്ലാം വിനോദ സഞ്ചാര വികസനത്തിന് ഏറ്റവും ആവശ്യമാണ്.

മാലിന്യ സംസ്കരണത്തിന് വേണ്ടി അനുയോജ്യമായ എന്തെങ്കിലും ചെയ്യുക എന്നത്. സര്‍ക്കാരിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ പൊതുജനാവശ്യമാണ്. ടൂറിസത്തനും
ഇതാവശ്യമാണ്.

വിദ്യാഭ്യാസത്തില്‍ ഗുണമേന്മ കൂട്ടണം

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഏറെ പഴിചാരലുകള്‍ക്ക് ഇടയായ വകുപ്പാണ് വിദ്യാഭ്യാസം. നിലവാര തകര്‍ച്ചയില്‍ നിന്നും വിദ്യാഭ്യാസത്തെ കരകയറ്റുക എന്നത് പുതിയ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ചുമതലയാണ്. അന്തര്‍ദേശിയ നിലവാരത്തിലേക്കു വിദ്യാഭ്യാസത്തെ ഉയര്‍ത്തുമെന്നാണ് പുതിയ സര്‍ക്കാരിന്‍റെ വാഗ്ദാനം.

ഇതു പറയുമ്പോഴും ഇതിനു വേണ്ടി വരുന്ന നിക്ഷേപത്തെക്കുറിച്ചു പറയുന്നില്ല. ഇന്നു പല സര്‍ക്കാര്‍ സ്കൂളുകളുടേയും സ്ഥിതി ദയനീയമാണ്. ആ സ്ഥാനത്തേക്കു സ്വകാര്യ സ്കൂളുകള്‍ കയറിവരുന്നുണ്ടെങ്കിലും ഗുണമേന്മയില്‍ എത്ര വര്‍ധനയുണ്ടാകുന്നുണ്ടെന്നതു മറ്റൊരു കാര്യം. നല്ലൊരു പങ്കിലും ഉയര്‍ന്ന ഫീസ് നല്‍കി ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള ശേഷിയില്ല. വായ്പയെടുത്തു പഠിച്ചാല്‍പോലും അതു തിരിച്ചടയ്ക്കാനുള്ള ശമ്പളം പോലും കിട്ടുന്നില്ല. (നഴ്സിംഗ്- എന്‍ജിനീയറിംഗ് ബിരുദധാരികളുടെ സ്ഥിതി നോക്കുക)

അധ്യാപകരുള്‍പ്പെടെ മോശമല്ലാത്ത അടിസ്ഥാനസൗകര്യം സര്‍ക്കാര്‍- എയിഡഡ് മേഖലയിലുണ്ട്. അതിന്‍റെ ഗുണമേന്മ ഉയര്‍ത്താനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. സ്കൂളില്‍ തുടങ്ങി കോളജ് വരെ ഇതിനുള്ള ശ്രമമുണ്ടാവേണ്ടിയിരിക്കുന്നു. കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയില്‍ നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ സര്‍ക്കാര്‍- എയിഡഡ് സ്കൂള്‍, കോളജുകളിലെങ്കിലും സംവിധാനമുണ്ടാകണം. അല്ലെങ്കില്‍ സംസ്ഥാനം വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുക വലിയ പ്രയോജനം ചെയ്യുകയില്ല.

ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ പുറത്തിറക്കാന്‍ കഴിയണം. സാക്ഷരതയുടെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണെങ്കിലും കേവലമുള്ള എഴുത്തും വായനയും അറിയുന്നതില്‍ ഒതുങ്ങിപോകാതെ പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന നല്ല നൈപുണ്യ ശേഷിയുള്ള വിദ്യാര്‍ത്ഥികളെയാകണം നമ്മുടെ വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടത്.

കാര്‍ഷിക മേഖല

നാണ്യവിളകളുടെ വിലത്തകര്‍ച്ച, കാര്‍ഷികോത്പന്നങ്ങള്‍ക്കു വേണ്ടത്ര വില ലഭിക്കാത്തതെല്ലാം കാര്‍ഷിക മേഖല എന്നും നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. അതിന്‍റെ ആക്കം ഈ അടുത്തകാലത്തായി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാല്‍ കൃഷിയില്ലാതെ ഭക്ഷണമെന്ന അടിസ്ഥാനാവശ്യം നടക്കുകയില്ല.

കൃഷിയെ വ്യവസായത്തിനു തുല്യമായി കണക്കാക്കണം. വ്യവസായത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കണം. ഉയര്‍ന്ന മൂല്യമുള്ളതും,കയറ്റുമതി ലക്ഷ്യമാക്കിയുമുള്ള കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇതിനാവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനു ആധുനിക സങ്കേതങ്ങള്‍ക്കായി സര്‍ക്കാര്‍ നിക്ഷേപം നടത്തണം. കോള്‍ഡ് ചെയിന്‍, എസി ഗോഡൗണുകള്‍, ആധുനിക വിപണ സംവിധാനങ്ങള്‍ തുടങ്ങയവ ലഭ്യമാക്കേണ്ടിയിരിക്കുന്നു.

വെറു വിത്തും വളവും പെന്‍ഷനുംകൊണ്ട് കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാമെന്നു പ്രതീക്ഷിക്കേണ്ടതില്ല.

തകര്‍ന്നു കിടന്ന നാളികേരമേഖലയില്‍ അഞ്ചു വര്‍ഷംകൊണ്ട് ടി കെ ജോസിന്‍റെ നേതൃത്വത്തില്‍ നാളികേര ബോര്‍ഡ് നടപ്പാക്കിയ പദ്ധതികള്‍ ആ മേഖലയെ സജീവമാക്കിയ്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. റബര്‍, പഴം, പച്ചക്കറി, കുരുമുളക്, ഏലം തുടങ്ങിയ എല്ലാ മേഖലകളിലും ആവര്‍ത്തിക്കാവുന്നത്. ക്ഷീര, മത്സ്യമേഖലകളിലും ഇതുണ്ടാവേണ്ടിയിരിക്കുന്നു.

അടിസ്ഥാനസൗകര്യ വികസനം

റോഡുകള്‍, പാലങ്ങള്‍, വീട്, ശുദ്ധജല ലഭ്യത ഉറപ്പാക്കല്‍ എന്നു തുടങ്ങി ഇനിയും നിരവധികാര്യങ്ങളിലാണ് പൊതു ജനം പ്രതീക്ഷയര്‍പ്പിക്കുന്നത്. കേരളത്തിന്‍റെ മെട്രോ നഗരമായി കൊച്ചിയെ മാറ്റുന്ന കൊച്ചി മെട്രോ നിര്‍മാണത്തിന്‍റെ ഇനിയുള്ള ഗതിയും ജനം ഉറ്റു നോക്കും. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണവും കാര്‍ഷിക അനുബന്ധ കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയവയെ തിരികെ കൊണ്ടുവരിക എന്നിവയെല്ലാം അത്യാവശ്യമാണ്.

അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ വികസിത പാതയിലേക്കു നയിക്കാനായിയുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചതും നടപ്പിലാക്കിയതുമായ വിഴിഞ്ഞം തുറമുഖം, സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ എന്നിങ്ങനെ നിരവധി പദ്ധതികളുണ്ട്. അതു മികച്ച രീതിയില്‍ തുടര്‍ന്നു കൊണ്ടു പോകുക. കൂടുതല്‍ മികച്ച പദ്ധതികള്‍ ആരംഭിക്കുക. ജനക്ഷേമം ഉറപ്പുവരുത്തുക എന്നിങ്ങനെ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തങ്ങളെ നല്ല രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകുമെന്നു വിശ്വസിക്കാം.
എല്‍ഡിഎഫ് വന്നു എല്ലാം ശരിയാകുമോ എന്നു ആദ്യവര്‍ഷംകൊണ്ടുതന്നെ അറിയാം. ഖജനാവില്‍ പണമില്ല എന്ന മുന്‍കൂര്‍ ജാമ്യമെടുത്തു രക്ഷപ്പെടാന്‍ ഇടതു സര്‍ക്കാരിനു സാധിക്കുകയില്ല.

കാരണം സംസ്ഥാനത്തു പണമുണ്ട്. പണം നിക്ഷേപിക്കാനുള്ള അന്തരീക്ഷമില്ല. ആ അന്തരീക്ഷം സൃഷ്ടിക്കുവാനും നിക്ഷേപം ആകര്‍ഷിക്കാനും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിക്കു കഴിയുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

തൊഴിലുടമക്കും വേണം പരിഗണന

ഒരു സംരംഭകന്‍ എന്ന നിലക്ക് പുതിയ ഗവണ്‍മെന്‍റ് അധികാരത്തിലേല്‍ക്കുമ്പോള്‍ ചില പ്രതീക്ഷകളുണ്ട്. സംരംഭകരുമായി മികച്ച ഒരു ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കും എന്നു തന്നെയാണ് ആദ്യത്തേത്. എപ്പോഴും എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലുടമയുടെ ക്ഷേമവും വളര്‍ച്ചക്കും പ്രാധാന്യം നല്‍കാതെ തൊഴിലാളിയുടെ താല്‍പര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്. അവര്‍ ഒരു കാര്യം മറന്നു പോകുന്നു തൊഴുലുടമയുള്ളതുകൊണ്ടാണ് തൊഴിലാളികള്‍ നിലനില്‍ക്കുന്നതെന്ന്. ഐടി മേഖലയില്‍ കുറഞ്ഞതോതിലുള്ള തൊഴിലാളി യൂണിനുകളുടെ ഇടപെടലു സംരംഭകര്‍ക്ക് അവരുടെ ബിസിനസിലെ സര്‍ക്കാരിന്‍റെ കുറഞ്ഞതോതിലുള്ള ഇടപെടലും എന്നും വില്ലനായി നില്‍ക്കുന്ന ചുവപ്പു നാടയുടെ കുരുക്കും ഇല്ലാതാകാന്‍ ആഗ്രഹിക്കുന്നു. പുതിയ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തോടൊപ്പം അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തില്‍ പ്രതീക്ഷവെക്കുന്നു. പ്രധാനമായും റോഡ്, റെയില്‍, എയര്‍പോര്‍ട്ട്, ജലഗതാഗതം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം മികച്ച ഒരു വളര്‍ച്ച പുതിയ സര്‍ക്കാര്‍ കൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു. ദിനം പ്രതി ഇത്തരം കാര്യങ്ങളെക്കുറിച്ചു നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷേ, അതു പലപ്പോഴും ചര്‍ച്ചയായി ഒതുങ്ങി പോകാറാണ് പതിവ്. പുതിയ സര്‍ക്കാര്‍ ഇതിനു വേണ്ടി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

സിനു പി തോമസ്
മാനേജിംഗ് ഡയറക്ടര്‍
ഇന്‍റര്‍കാഡ് സിസ്റ്റംസ്
പ്രൈവറ്റ് ലിമിറ്റഡ്.

സങ്കീര്‍ണതകളെ ലഘൂകരിക്കുക

എന്തു പ്രവര്‍ത്തനത്തിന് ഇറങ്ങിതിരിച്ചാലും നിയമത്തിന്‍റെയും അനുമതികളുടെയും ഒരുപാട് നൂലാമാലകളുണ്ടാകാറുണ്ട് കേരളത്തില്‍. അതി സങ്കീര്‍ണമായ ഈ പ്രക്രിയയെ ലളിതമാക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ട കാര്യം. പ്രവാസി മലയാളികളുടെ കാര്യത്തിലും വേണം ചില മാറ്റങ്ങള്‍. ഭൂമി വാങ്ങാനും നിക്ഷേപം നടത്താനും തയ്യാറായി ഇവര്‍ വരുമ്പോള്‍ നേരിട്ടു വന്ന് ഒപ്പിടണം എന്നാണ് ഇപ്പോഴുള്ള നിര്‍ദേശം. അത് നിക്ഷേപകനെ പിന്നോട്ടു വലിക്കുന്ന സമീപനമാണ്. അതിനാല്‍ നിക്ഷേപം നടത്തുന്ന ആളില്ലാതെ തന്നെ നിക്ഷേപം നടത്താന്‍ അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാനാകണം. എറണാകുളം പോലുള്ള വലിയ നഗരങ്ങളില്‍ വികസനം കൊണ്ടു വരുമ്പോള്‍ കൃത്യമായ മാസ്റ്റര്‍പ്ലാന്‍ അത്യാവശ്യമാണ്. വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൃത്യമായ പ്ലാനിംഗ് ഉണ്ടാകാറില്ല അതു വഴി സ്ഥലം ഏറ്റെടുത്തു കഴിയുമ്പോള്‍ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ആവശ്യമായ സ്ഥലമെടുപ്പു നടത്താനോ കൃത്യമായ വികസനം കൊണ്ടുവരാനോ സാധിക്കാതെ വരുന്നുണ്ട്. ഇതു വഴി വികസനം എന്നതു ജനങ്ങള്‍ക്കു ദോഷകരമായി തീരുന്ന പ്രവര്‍ത്തനമായി തീരുന്നു. എല്ലാ ജില്ലകളുടെയും വികസനത്തിനു ഇത്തരമൊരു മാസ്റ്റര്‍പ്ലാന്‍കൂടിയെ തീരു. നല്ല മാലിന്യസംസ്കരണ സംവിധാനം അതും അത്യാവശ്യമാണ്.

ജെ. പോള്‍ രാജ്
ക്രെഡായി, കൊച്ചി

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വലിയ വ്യവസായങ്ങള്‍ വരണം

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലയിലുള്ള പ്രശ്നങ്ങള്‍ പ്രധാനമായും ഗതാഗത മേഖലയിലുള്ള പ്രശ്നങ്ങള്‍ ഒരു മെട്രോ വരുന്നതോടു കൂടി തീരുന്നില്ല. വീതി കൂടിയ റോഡുകള്‍, മേല്‍പ്പാലങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഇനിയും നിറവേറ്റപ്പെടാതെ കിടക്കുന്നുണ്ട്.

കേരളത്തില്‍ നിരവധി നിയമങ്ങളുണ്ട് പക്ഷേ, അതൊന്നും ഒരിക്കലും വളരെ കൃത്യമായ രീതിയില്‍ നടപ്പിലാക്കാതെ പോകുന്നു. അതാണ് ഇവിടെ സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഒരു പുതു സംരംഭകന്‍ സംരംഭം ആരംഭിച്ചു ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഒരു മുറി വേണം അതിന്‍റെ നമ്പര്‍ വെച്ചു രജിസ്റ്റര്‍ ചെയ്യണം എന്നിങ്ങനെയുള്ള നിബന്ധനകളുണ്ട്. എന്നാല്‍ ഇവര്‍ക്കു വീട്ടിലെ ഒരു മുറി തന്നെ ലൈസന്‍സ് എടുക്കാനുള്ള വഴിയായി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാക്കണം.

കേരളം അസംസ്കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഇടം മാത്രമായി മാറികൊണ്ടിരിക്കുകയാണ്. അങ്ങനെയാവരുത് ഇവിടുത്തെ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഇവിടെ തന്നെ ഉത്പാദനം നടത്താന്‍ പറ്റണം. സ്മാര്‍ട്സിറ്റിയോ ഐ.ടി അനുബന്ധ ബിസിനസുകളോ മാത്രമല്ല സംരംഭകത്വ അവസരം തുറന്നു തരുന്നത്. ഉത്പാദന നിര്‍മ്മാണ മേഖലകള്‍ നമുക്കും വേണം. നമ്മുടോതായ അസംസ്കൃത വസ്തുക്കളെ ഉപയോഗപ്പെടുത്താന്‍ കഴിയണം. വിയറ്റ്നാമിലൊക്കെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് വലിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും. അതേ രീതി തന്നെ കേരളത്തിലും കൊണ്ടുവരാന്‍ സാധിക്കണം.

സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ആവിഷ്കരിക്കുന്ന പല പദ്ധതികളും പലപ്പോഴും ജനങ്ങളിലേക്കെത്തിപ്പെടാതെ പോകുന്നുണ്ട്. അതു ഇല്ലതാക്കണം സര്‍ക്കാര്‍ സേവനങ്ങള്‍ എപ്പോഴും ജനങ്ങളിലേക്കെത്താനുള്ള അവസരമുണ്ടാകണം.

അന്‍സിഫ് അഷ്റഫ്
ഫൗണ്ടര്‍, യംഗ് ചേംബര്‍ ഓഫ് കൊമേഴ്സ്

Leave a Reply

Your email address will not be published. Required fields are marked *