Health

ഇഞ്ചിയുടെ ഗുണങ്ങൾ മനസ്സിലാക്കാം

ginger health benefits

ചിന്നൂ, നിങ്ങളു ചായപ്പൊടി മാറ്റിയോ? അതോ മറ്റെന്തെങ്കിലും ചേര്‍ത്തോ? ചായരുചി പതിവില്ലാതെ മാറിയത് അന്നമ്മച്ചേട്ടത്തിയെ ജിജ്ഞാസുവാക്കി.

അല്പം ഇഞ്ചി കൂടി ചതച്ചുചേര്‍ത്തു.
അതാ രുചിമാറ്റം.
ഇഞ്ചി ചേര്‍ത്തിട്ട് എന്തു കിട്ടാനാ കൊച്ചേ?

ഇനി ഇഞ്ചി അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ ഇഞ്ചിക്കറിവച്ചു കൂട്ടിയാല്‍പ്പോരേ? 64 തരം കറികള്‍ക്കു പകരംവയ്ക്കാന്‍ ഇഞ്ചിക്കറി മതിയെന്നു പഴമക്കാരു പറയും.

അതു സത്യം. ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ചായവഴി ഇഞ്ചിയുടെ പോഷകഗുണങ്ങള്‍ പതിവായി ശരീരത്തിലെത്തട്ടെ എന്നു കരുതിയാ ചിന്നു ഇഞ്ചി ചതച്ചു ചേര്‍ത്തത്. അച്ഛന്‍ കാര്യം തുറന്നു പറഞ്ഞു.

ഇഞ്ചി ചേര്‍ത്ത ചായയ്ക്ക് എന്താ പ്രത്യേകത?

ഇഞ്ചിയിലുളള ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലിനും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു.

ഇഞ്ചിയിലുളള പോഷകങ്ങളെക്കുറിച്ചു പറയാമോ? അപ്പുവും അയല്‍ക്കൂട്ടത്തിന്‍റെ ഭാഗമായി.
വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാല്‍സ്യം; ആന്‍റിഓക്സിഡന്‍റായ ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയില്‍ ധാരാളം.

പണ്ടൊക്കെ ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുമ്പോള്‍ ഇഞ്ചിയും ഉപ്പും ചേര്‍ത്തു ചതച്ചതു കഴിക്കുമായിരുന്നു… അന്നമ്മച്ചേട്ടത്തി ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കി.

അതേയതേ.. ആമാശയ സ്തംഭനം ഒഴിവാക്കാന്‍ ഇഞ്ചി ഫലപ്രദം; ആമാശയവ്യവസ്ഥയിലെ പേശികള്‍ (ഴമൃീശെേിലേശെേിമഹ ാൗരെഹലെ) അയവുളളതാക്കാന്‍ സഹായകം. ഗ്യാസും

വയറുവീര്‍ത്തുവരുന്നതും തടയുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരത്തിന്‍റെ ചികിത്സയ്ക്കും സഹായകം. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു.

അച്ഛാ, തൊണ്ടവേദന തടയുന്നതിന് ഇഞ്ചി ഉപയോഗിക്കാറുണ്ടല്ലോ… ചിന്നുവിന്‍റെ വാക്കുകള്‍ക്ക് അനുഭവത്തിന്‍റെ പിന്‍ബലം.

അതേ, സ്വാഭാവിക വേദനസംഹാരിയാണ് ഇഞ്ചി. തൊണ്ടവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ ത്തുടര്‍ന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളില്‍ തങ്ങിനില്‍ക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയുടെ ആക്രമണം തടയാം. ചതച്ച ഇഞ്ചിയില്‍ തേന്‍ ചേര്‍ത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേര്‍ത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിള്‍ക്കൊണ്ടാല്‍ ചുമയും തൊണ്ടവേദനയും പമ്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദമാണെന്നു നേരത്തേ പറഞ്ഞല്ലോ. അതിനാല്‍ പനി, ജലദോഷം, വിറയല്‍ എന്നിവയുടെ ചികിത്സയ്ക്കും സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങള്‍ എന്നിവയ്ക്കെതിരേ പ്രവര്‍ത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.

പനി കുറയ്ക്കുന്നതിനും സഹായകം. പനിയുളളപ്പോള്‍ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു- ഡീടോക്സിഫിക്കേഷന്‍ – സഹായകം. ചതച്ച ഇഞ്ചി ചേര്‍ത്തു വെളളം തിളപ്പിച്ച് ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദം.

ആന്‍റി ഓക്സിഡന്‍റുകള്‍ ഉളളതിനാല്‍ ഇഞ്ചി കാന്‍സര്‍ തടയുന്നതിനു സഹായിക്കും; അല്ലേ അച്ഛാ?

അണ്ഡാശയ കാന്‍സര്‍ ചികിത്സയ്ക്ക് ഇഞ്ചി ഫലപ്രദമാണെന്നു മിഷിഗണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നു. കൊളോ റെക്റ്റല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു മിനെസോട്ട സര്‍വകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. കുടലിലെ കാന്‍സര്‍ തടയുന്നതിനും ഇഞ്ചി ഏറെക്കുറെ ഫലപ്രദം. ശ്വാസകോശം, സ്തനം, ചര്‍മം, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ തടയുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്നു വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു.

പ്രായമായവരുടെ ആരോഗ്യസംരക്ഷണത്തിന് ഇഞ്ചി ഫലപ്രദമാണോ?

നീര്‍വീക്കവും വേദനയും തടയുന്ന ഇഞ്ചിയുടെ സ്വഭാവം (മിശേശിളഹമാാമീൃ്യേ) ഗൗട്ട്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിനു സഹായകം. (സന്ധികള്‍, പേശികള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനു സഹായകം.) കാല്‍മുട്ടില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ഇഞ്ചിയുടെ സത്ത് ഫലപ്രദമെന്നു പഠനം. ഇഞ്ചി അരച്ചതു ചൂടാക്കി മഞ്ഞളുമായി ചേര്‍ത്തു വേദനയുളളിടത്തു ദിവസം രണ്ടുതവണ പുരട്ടാം. ഇഞ്ചി ചേര്‍ത്തു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അഭികാമ്യം.

അച്ഛാ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇഞ്ചി സഹായകമാണോ?

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദം. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു. ഹൃദയരോഗങ്ങള്‍ക്ക് ഇടനല്കുന്ന രക്തം കട്ടിയാകല്‍ (രഹീശേേിഴ) തടയുന്നതിനും ഇഞ്ചി ഫലപ്രദം. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

ഇഞ്ചിയില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമം. അതില്‍ അടങ്ങിയ മാംഗനീസ് ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ദൈനംദിന ആഹാരക്രമത്തില്‍ ഇഞ്ചിക്കും ഇടം നല്കിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്നു ചുരുക്കം.

അച്ഛാ, പ്രമേഹനിയന്ത്രണത്തിനും ഇഞ്ചി ഗുണപ്രദമാണോ?

രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഇന്‍സുലിന്‍റെയും പ്രമേഹ ചികിത്സയ്ക്കുളള മറ്റു മരുന്നുകളുടെയും കാര്യക്ഷമത കൂട്ടുന്നതിനും ഇഞ്ചി സഹായകം. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ ഇഞ്ചിനീരു ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ പതിവായി കഴിക്കുന്നതു രക്തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുന്നതിനു ഗുണപ്രദം. പ്രമേഹ അനുബന്ധ പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഇഞ്ചി സഹായകം. പ്രമേഹബാധിതരുടെ ഞരമ്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദം. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്നുകള്‍ കഴിക്കുന്നവര്‍ ചികിത്സകന്‍റെ അറിവോടെ മാത്രമേ ഇഞ്ചി പതിവായി ഉപയോഗിക്കാവൂ.

അച്ഛാ, ഇഞ്ചിയുടെ ആരോഗ്യവിശേഷങ്ങള്‍ ഇനിയുമുണ്ടോ?

ചിലതുകൂടി പറയാം. മൈഗ്രേന്‍വേദനയില്‍ നിന്ന് ആശ്വാസമേകാന്‍ ഇഞ്ചി ഗുണപ്രദമെന്നു ഗവേഷണങ്ങള്‍ സൂചന നല്കുന്നു. മൈഗ്രേന്‍ തലവേദനയും അനുബന്ധപ്രശ്നങ്ങളും കുറയ്ക്കുന്നതിന് ഇഞ്ചി ചേര്‍ത്ത ചായ ഗുണപ്രദം. ഗര്‍ഭിണികളെ മനംപിരട്ടല്‍, ഛര്‍ദി എന്നിവയില്‍ നിന്നു രക്ഷിക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഇഞ്ചി ചതച്ചതു തേന്‍ ചേര്‍ത്തു ചവച്ചുകഴിക്കണം. ദഹനക്കേടു മൂലമുളള മനംപിരട്ടല്‍ തടയുന്നതിനും ഫലപ്രദം.

ശരീരത്തിന്‍റെ മെറ്റബോളിക് നിരക്ക് കൂട്ടുന്നതിനും ഇഞ്ചി ചേര്‍ത്ത ഭക്ഷണം സഹായകം. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് ഊര്‍ജമായി മാറുന്ന പ്രവര്‍ത്തനങ്ങളാണ് മെറ്റബോളിസം എന്നറിയപ്പെടുന്നത്). ഭക്ഷണത്തില്‍ നിന്നു പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകം.

ഇഞ്ചിയിലുളള ക്രോമിയം, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങള്‍ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകം.

ഗ്രീന്‍ ടീയില്‍ ഇഞ്ചി ചേര്‍ത്ത് ഉപയോഗിക്കുന്നതും ആരോഗ്യകരം. ചുരുക്കത്തില്‍ അടുക്കളയില്‍നിന്ന് അകറ്റി നിര്‍ത്താനാകാത്ത സുഗന്ധദ്രവ്യമാണ് ഇഞ്ചി; അല്ലേ അച്ഛാ?

നൂറല്ല നൂറ്റൊന്നു വട്ടം ശരി. വീട്ടമ്മമാരുടെ കൈയെത്തും ദൂരത്ത് ഒരു കഷണം ഇഞ്ചി ഉണ്ടാവണം. വീട്ടാവശ്യത്തിനുളള ഇഞ്ചി അടുക്കളത്തോട്ടത്തില്‍ തന്നെ ജൈവരീതിയില്‍ കൃഷി ചെയ്താല്‍ അത്രയും നന്ന്.

Leave a Reply

Your email address will not be published. Required fields are marked *