India

കശ്മീരിൽ ഭീകരാക്രമണം, 8 സൈനികർ കൊല്ലപ്പെട്ടു

terrorist attack in kashmir

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പാംപോറില്‍ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. 22 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പാംപോറിലെ നമ്പാല്‍ബാലിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരുടെ പലരുടെയും നില ഗുരുതരമാണ്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ലഷ്കര്‍ ഇ ത്വയ്ബ ഏറ്റെടുത്തു. പുല്‍വാമ ജില്ലയില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് സംഭവം. പരിശീലനം കഴിഞ്ഞ് സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.

ജമ്മുകാഷ്മീര്‍ ഡിജിപി കെ. രജേന്ദ്ര സ്ഥലം സന്ദര്‍ശിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചതായി അദ്ദേഹം പറഞ്ഞു. പാംപോര്‍ സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സൈന്യത്തിന്‍റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. ജൂണ്‍ മൂന്നാം തീയതി കാഷ്മീരിലെ ബിജ്ബഹറയില്‍ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തെ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. ബസിനു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *