India

മോഡി ഇൻ ആഫ്രിക്ക

modi in africa 2016

മാപുടോ(മൊസാംബിക്): പയറുവര്‍ഗങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയില്‍ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി മൊസാംബിക്കില്‍ നിന്ന് ഇന്ത്യ പയറുവര്‍ഗങ്ങള്‍ വാങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചതുര്‍രാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ മൊസാംബിക്കുമായി ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യ ഒപ്പുവച്ചു.

അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിനായി ഇന്നലെയാണു പ്രധാനമന്ത്രി മോദി മൊസാംബിക് തലസ്ഥാനമായ മാപുടോയിലെത്തിയത്. യുവജനക്ഷേമം, മയക്കുമരുന്നുകളുടെ നിയന്ത്രണം എന്നിങ്ങനെ രണ്ടു കരാറുകളിള്‍ക്കൂടി ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയുടെയും മൊസാംബിക് പ്രസിഡന്‍റ് ഫിലിപി ന്യൂസിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പിട്ടത്. മൊസാംബിക്കിലെ പൊതുജനാരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനു ഒട്ടേറെ സഹായങ്ങള്‍ മൊസാംബിക്കിനു മോദി വാഗ്ദാനം ചെയ്തു. എയ്ഡ്സ് പ്രതിരോധ മരുന്ന് ഉള്‍പ്പെടെയാണിത്.

ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി ഭീകരതയാണെന്നു തുടര്‍ന്നു നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യക്കും മൊസാംബിക്കിനും ഇത് ഒരുപോലെ ബോധ്യമാണ്. ഇന്ത്യന്‍ മഹാസമുദ്രത്താല്‍ ബന്ധിതമാണ് ഇന്ത്യയും മൊസാംബിക്കും എന്നതിനാല്‍ വലിയ വ്യാപാരസാധ്യതയാണു നിലനില്‍ക്കുന്നത്. പ്രതിരോധ-സുരക്ഷാമേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മൊസാംബിക് പ്രസിഡന്‍റുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായും മോദി പറഞ്ഞു.

35 വര്‍ഷത്തിനിടെ മൊസാംബിക്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നതതല വ്യാപാര-വ്യവസായ പ്രതിനിധികളും മോദിക്കൊപ്പമുണ്ട്. മൊസാംബിക്കിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി പിന്തുണനല്‍കിയ രാജ്യമാണ് ഇന്ത്യയെന്നത് മോദി അനുസ്മരിച്ചു. കോളനി വാഴ്ചക്കാലത്ത് ഇരുരാജ്യങ്ങളും നേരിട്ട ദുരിതങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും എടുത്തുപറയേണ്ടതാണെന്നും മൊസാംബിക് ദേശീയ അസംബ്ലി സന്ദര്‍ശിക്കവേ അദ്ദേഹം പ്രസ്താവിച്ചു.

ഇന്നു പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തും. ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും. സമുദ്രസുരക്ഷ, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിയാകും ചര്‍ച്ചകള്‍.

Leave a Reply

Your email address will not be published. Required fields are marked *