India

വിവാഹ ആഹ്ലാദത്തിൽ മൈസൂർ

മൈസൂർ രാജാവ്

മൈസൂരു: യുവരാജാവ് യദുവീര്‍ കൃഷ്ണദത്ത വൊഡയാറിന്‍റെ വിവാഹത്തിനായി മൈസൂരു രാജകൊട്ടാരം അണിഞ്ഞൊരുങ്ങി. ഇന്നു രാവിലെ 9.05നും 9.35നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ അംബവിലാസ് കൊട്ടാരത്തിലെ വിവാഹമണ്ഡപത്തിലാണു വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. രാജസ്ഥാനിലെ ദുംഗാര്‍പുര്‍ രാജകുടുംബത്തിലെ ഹര്‍ഷവര്‍ധന്‍ സിംഗിന്‍റെയും മഹാശ്രീ കുമാരിയുടെയും മകളായ തൃഷിക കുമാരിയാണ് വധു. പരമ്പരാഗതമായ രാജകീയ ചടങ്ങുകള്‍ അനുസരിച്ചായിരിക്കും വിവാഹം. 2,000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവാഹചടങ്ങിന് 40 പുരോഹിതര്‍ നേതൃത്വം നല്‍കും.

വിവാഹത്തിനായുള്ള ഔദ്യോഗിക ഒരുക്കങ്ങള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. വധുവും മാതാപിതാക്കളും ബന്ധുക്കളും വെള്ളിയാഴ്ച മൈസൂരുവിലെത്തിയിരുന്നു. രാജകുടുംബാംഗങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണു പ്രതിശ്രുതവധുവിനെ വരവേറ്റത്. 28നു വൈകുന്നേരം ഏഴിന് വിവാഹസത്കാരവും 29ന് വധൂവരന്മാരെ തുറന്ന വാഹനത്തില്‍ ഇരുത്തി ഘോഷയാത്രയും നടക്കും. ജൂലൈ രണ്ടിന് ബംഗളൂരുവിലെ കൊട്ടാരത്തിലും വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.

അതേസമയം, പ്രതിശ്രുത വധുവിനു പനി ബാധിച്ചതു വിവാഹചടങ്ങിനെ ബാധിക്കുമോയെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തൃഷിക കുമാരിയെ പരിശോധിച്ചു മരുന്നു നല്‍കിയ ശേഷം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

കൊട്ടാരത്തിനു മുന്‍വശത്തായി രണ്ടായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിവിധ നിറങ്ങളിലായുള്ള പന്തല്‍ ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്കു ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്. വിവാഹത്തിനുമുന്നോടിയായി ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് കൊട്ടാരത്തിലെ വൈദ്യുത ദീപങ്ങള്‍ തെളിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ലോകത്തിലെ വിവിധ രാജകുടുംബാംഗങ്ങള്‍ തുടങ്ങി വന്‍ വിഐപി നിര ചടങ്ങില്‍ അതിഥികളായെത്തുമെന്നാണ് കരുതുന്നത്.

1998ല്‍ പാലസ് ബോര്‍ഡ് കൊട്ടാരം ഏറ്റെടുത്തതിനു ശേഷം രാജകുടുംബത്തില്‍ നടക്കുന്ന ആദ്യ വിവാഹമാണിത്. മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹ വോഡയാര്‍ അന്തരിച്ചതോടെയാണു യദുവീര്‍ യുവരാജാവായത്. നരസിംഹ വോഡയാറിനു മക്കളില്ലാതിരുന്നതിനാല്‍ സഹോദരീപുത്രനായ യദുവീറിനെ ദത്തെടുത്തു പിന്‍ഗാമിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 28നാണ് യദുവീര്‍ യുവരാജാവായി അഭിഷിക്തനായത്. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദം പൂര്‍ത്തിയാക്കിയശേഷമാണു യദുവീര്‍ യുവരാജാവായത്. പ്രതിശ്രുത വധു തൃഷിക കുമാരി ബിരുദധാരിയാണ്. എസ്ജെടി സന്യാസിനീസമൂഹം നടത്തുന്ന ബംഗളൂരുവിലെ ജ്യോതിനിവാസ് കോളജിലായിരുന്നു തൃഷിക കുമാരിയുടെ പിയുസി മുതലുള്ള വിദ്യാഭ്യാസം.

Leave a Reply

Your email address will not be published. Required fields are marked *