International

യുഎസില്‍ പ്രതിഷേധം: അഞ്ച് പോലീസുകാര്‍ വെടിയേറ്റു മരിച്ചു

Dallas shooting

ഡാളസ്: രണ്ടു കറുത്തവര്‍ഗക്കാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു.

അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച് പോലീസ് വകവരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ആളുടെ സമീപത്തേക്ക് പോലീസ് റോബോട്ടിനെ അയച്ച് ഇയാളുമായി ആശയവിനിമയം നടത്തി. താന്‍ വെള്ളക്കാരായ പോലീസുകാരെ കൊലപ്പെടുത്താനെത്തിയതാണെന്ന് ഇയാള്‍ പറഞ്ഞു. തോക്കുമായി സംശയകരമായ നീക്കം നടത്തിയ ഇയാളെ റോബോട്ടിലെ ബോംബ് പൊട്ടിച്ചു വകവരുത്തുക യായിരുന്നു.

പ്രതിഷേധക്കാരല്ല, സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്നവരാണു വെടിവച്ചതെന്ന നിഗമനത്തിലാണു പോലീസ്. പരിക്കേറ്റ അഞ്ചുപോലീസുകാരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 നായിരുന്നു സംഭവം.(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 7.15). നഗരത്തില്‍ പലഭാഗത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാതഭീഷണിയെത്തുടര്‍ന്നു തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിവരികയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മുന്നുപേരെ ഡാളസിലും 12 പേരെ ന്യൂയോര്‍ക്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു.വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഡാള്ളസ് മേയറുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അമേരിക്കയിലെ വലിയൊരു നഗരം അക്രമത്തിലേക്കു പോകാതിരിക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നു മേയര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മിനസോട്ടയില്‍ ഫിലാന്‍ഡോ കാസില്‍(32) എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊലപ്പെടുത്തുകയും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഫിലാന്‍ഡോയുടെ കാമുകി ഡയമണ്ട് റെയ്നോള്‍ഡ്സാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫിലാന്‍ഡോയും ഡയമണ്ടും നാലുവയസുള്ള മകളും കാറില്‍ സഞ്ചരിക്കുമ്പോഴാണു പോലീസ് വെടിയുതിര്‍ത്തത്. അടുത്ത ദിവസം ലൂയിസിയാനയില്‍ അല്‍ട്ടണ്‍ സ്റ്റെര്‍ലിംഗ് എന്നയാളെയും പോലീസ് സമാനമായ രീതിയില്‍ കൊലപ്പെടുത്തി. പോലീസിന്‍റെ അതിക്രമങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

ഫെര്‍ഗൂസണ്‍, മിസൂറി, ബാല്‍ടിമോര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷത്തിനിടെ വംശീയ അതിക്രമങ്ങളില്‍ നിരവധി പേര്‍ ഇരകളായി. പ്രതികളാക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വിചാരണകാലയളവില്‍ വിട്ടയച്ചതും പ്രതിഷേധത്തിന് ആക്കം കൂട്ടി.പോലീസിനെതിരേ വെടിവച്ചത് ആസൂത്രിതവും ഭീതിവിതയ്ക്കുന്നതുമാണെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *