International News

ഒര്‍ലാന്‍ഡോ വെടിവെപ്പ്; മരണം 50 ആയി

Orlando attack 2016

ഫ്ളോറിഡ: ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ മരണം 50 ആയി. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് ഒര്‍ലാന്‍ഡോയില്‍ വീണ്ടും വെടിവയ്പുണ്ടായത്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. ആക്രമണത്തെത്തുടര്‍ന്ന് ഒര്‍ലാന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടിയുള്ള നിശാ ക്ലബിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാത്രി രണ്ടു മണിയോടെ നൃത്തം ചെയ്തുകൊണ്ടിരുന്നവര്‍ക്കു നേര്‍ക്ക് തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ ഒമര്‍ മാതീന്‍(29) കൊല്ലപ്പെട്ടതായി ഒര്‍ലാന്‍ഡോ പോലീസ് അറിയിച്ചു. പോര്‍ട്ട് ലൂസിയ ആണ് ഇയാളുടെ സ്വദേശം. ചാവേറായാണ് ഇയാള്‍ ക്ലബ്ബിലെത്തിയതെന്നും ഇയാളുടെ ശരീരത്തില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. അക്രമി 20 റൗണ്ടിലേറെ വെടിവെച്ചെന്നു പോലീസ് പറയുന്നു. സംഭവസമയത്ത് 100ല്‍ അധികം പേര്‍ ക്ലബ്ബിനുള്ളില്‍ ഉണ്ടായിരുന്നതായാണു വിവരം. അക്രമി ബന്ദികളാക്കിയ 30 പേരെ പോലീസ് മോചിപ്പിച്ചു.

കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോയില്‍ പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചിരുന്നു. ഫ്ളോറിഡയില്‍ നടന്ന സംഗീത പരിപാടിക്കുശേഷം ഓട്ടോഗ്രാഫ് നല്കുന്നതിനിടെയായിരുന്നു ഗ്രിമ്മിക്കു വെടിയേറ്റത്. ഒര്‍ലന്‍ഡോയില്‍ ദ പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിച്ചശേഷം ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു ക്രിസ്റ്റീന. രാത്രി പത്തിനാണു സംഗീത പരിപാടി അവസാനിച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ ക്രിസ്റ്റീനയ്ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *