Kerala News

ജിഷയുടെ കൊലയാളി ആസാം സ്വദേശി

jisha murderer photo

കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിനിയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ വധക്കേസ് അന്വേഷണ മേധാവി എഡിജിപി ബി. സന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കും. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിവരികയാണെന്നും സന്ധ്യ പറഞ്ഞു.

തൃശൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് ഇയാളെ എസ്പി ഉണ്ണിരാജിന്‍റെ സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തമായ തെളിവിനായി പോലീസ് ഇയാളുടെ ഡിഎന്‍എയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാളാണെന്ന് പോലീസ് ഉറപ്പിച്ചത്.

കൊല നടത്താന്‍ കാരണം മുന്‍വൈരാഗ്യമാണെന്നാണ് അമിയുര്‍ ഉള്‍ ഇസ്ലാം പോലീസിന് നല്‍കിയ മൊഴി. ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെ മാത്രം താമസിച്ചിരുന്ന പ്രതി സ്ത്രീകളെ ശല്യം ചെയ്യുന്നതു പതിവായിരുന്നു. സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ എത്തിനോക്കിയ പ്രതിയെ ഒരിക്കല്‍ നാട്ടുകാര്‍ പിടിച്ചു. അന്നു കടവിലുണ്ടായിരുന്ന ഒരു സ്ത്രീ ഇയാളെ തല്ലി. ഇത് കണ്ടു ജിഷ പൊട്ടിച്ചിരിച്ചുവെന്നും ഇതാണു തനിക്ക് ജിഷയോടു വൈരാഗ്യം തോന്നാന്‍ കാരണമെന്നും പ്രതി മൊഴി നല്‍കി.

ജിഷയെ താന്‍ പല തവണ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ലൈംഗികചേഷ്ടകള്‍ ജിഷയുടെ പിന്നാലെ നടന്നു കാണിക്കുമായിരുന്നു. കൊലപാതകദിവസവും പ്രതി രാവിലെ ജിഷയുടെ വീട്ടിലെത്തി ചേഷ്ടകള്‍ കാണിച്ചു. അപ്പോള്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി മൊഴി നല്‍കി.

വൈകുന്നേരം മദ്യപിച്ച് എത്തി വീട്ടില്‍ കടന്ന് ജിഷയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൃതദേഹം വികൃതമാക്കി. സ്ഥലത്തുനിന്നു രക്ഷപെടുന്നതിനിടെ ചെരുപ്പ് ചെളിയില്‍ പൂണ്ടെന്നും അതിനാല്‍ ഉപേക്ഷിച്ച് കനാലില്‍ ശരീരം വൃത്തിയാക്കി തന്‍റെ മുറിയിലേക്കു പോയെന്നുമാണു പ്രതി പറയുന്നത്. മുറിയില്‍ എത്തി അന്നുതന്നെ പുറത്തിറങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ ആസാമിലേക്ക് പോയി.

കുറച്ചുകാലത്തിന് ശേഷം അവിടെ നിന്നും ചെന്നൈയിലേക്കു പോന്നു. പിന്നീട് അവിടെ ജോലി ചെയ്തു. ചെന്നൈയിലെ ജോലി അവസാനിപ്പിച്ച് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ എത്തി. അവിടെയായിരുന്ന സമയത്ത് ആലുവയിലെ സുഹൃത്തുക്കളെ വിളിച്ച് കേസിന്‍റെ വിവരങ്ങള്‍ തിരക്കി. പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ പ്രതിയുടെ വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് അതിര്‍ത്തിയില്‍ ഉണ്ടെന്ന് മനസിലായി. പിന്നാലെ അന്വേഷണസംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *