Sports

അർജന്റീനയ്ക്ക് വേണ്ടി മെസ്സി ഇനി ബൂട്ട് അണിയില്ല

messi retires from international football

അമേരിക്കന്‍ മതിലിനു മുകളിലൂടെ പറന്നിറങ്ങിയ ഫ്രീകിക്കിന്‍റെ സൗന്ദര്യം എത്ര പെട്ടെന്നാണ് പോയ് മറഞ്ഞത്. കോപ്പ സെമിയിലായിരുന്നു മെസിയുടെ നെടുനീളന്‍ ഫ്രീകിക്ക് അമേരിക്കയുടെ നെഞ്ചകം തകര്‍ത്തു വലയിലെത്തിയത്. ചന്തമാര്‍ന്ന ആ മഴവില്‍ കിക്കിനെ ഫുട്ബോള്‍ ലോകം വാനോളം പുകഴ്ത്തി. മെസി അത്യുന്നതങ്ങളിലെത്തി. അങ്ങനെ മെസിയുടെ അര്‍ജന്‍റീന വീണ്ടും ഫൈനലില്‍. ആരാധകര്‍ ആവേശത്തിന്‍റെ കൊടിമുടിയില്‍. എന്നാല്‍ ഒരു മഹാദുരന്തം ഫൈനലില്‍ മെസിയെ കാത്തിരിക്കുന്നുണ്ടെന്നു അധികമാരും അറിഞ്ഞില്ല. ഫൈനലില്‍ ചിലിയോടു വീണ്ടും ഷൂട്ടൗട്ടില്‍ തോല്‍ക്കുകയും ചെയ്തു.

കോപ്പ ശതാബ്ദി കപ്പ് പരാജയത്തിനുള്ള ഉത്തരം മെസി തന്നെ പറയണം. ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന വീണത് അത്രയ്ക്കും മോശമായാണ്. മെസിയുടെ കിക്കാണ് വിധി നിര്‍ണയിച്ചതെന്നു പറയാം. നായകനായി എന്നും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങനാണ് മെസിയുടെ നിയോഗം. തുടര്‍ച്ചയായി മൂന്നു ചാമ്പ്യന്‍ഷിപ്പുകളാണ് കപ്പിനും ചുണ്ടിനുമിടയില്‍ മെസിക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ഫുട്ബോളിന്‍റെ സുവര്‍ണ മുദ്ര പതിഞ്ഞ അര്‍ജന്‍റീനക്കാര്‍ ഇതങ്ങനെ സഹിക്കും? കപ്പില്ലെങ്കില്‍ നാട്ടിലേക്കു വരേണ്ടെന്നാണ് മുന്‍നായകന്‍ ഡിയേഗോ മറഡോണ പറഞ്ഞിരിക്കുന്നത്. 23 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ഇക്കുറിയെങ്കിലും അവസാനമാകുമെന്നു കരുതിയിരുന്നുവര്‍ ഏറെ. ലോകോത്തര താരമായിട്ടും സ്വന്തം നാടിനൊപ്പം കിരീടമുയര്‍ ത്താനുള്ള ലയണല്‍ മെസിയുടെ കാത്തിരിപ്പ് അങ്ങനെ ദുരന്തമായി അവസാനിച്ചു.

കഴിഞ്ഞ ദിവസമാണ് മെസി 29-ാം ജന്‍മദിനം ആഘോഷിച്ചത്. ഫോമിന്‍റെ ഉന്നതങ്ങളിലാണ് മെസിയിപ്പോള്‍. ഈ കാലയളവില്‍ ഒരു മേജര്‍ കിരീടം അര്‍ജന്‍റീനയ്ക്കു നേടാന്‍ കഴിയാത്തതിനു ന്യായീകരണമില്ല. കഴിഞ്ഞകുറേ കാലമായി സമ്മര്‍ദത്തിനടിമപ്പെടുകയാണ് അര്‍ജന്‍റീന എന്നതാണ് യാഥാര്‍ഥ്യം. നിര്‍ണായക പോരാട്ടങ്ങളില്‍ ടീമിനെ കരകയറ്റാന്‍ മെസിക്കു കഴിയുന്നില്ല. ബ്രസീല്‍ ലോകകപ്പിലും അതുകഴിഞ്ഞു ചിലിയില്‍ നടന്ന കോപ്പയിലും ഇപ്പോള്‍ ശതാബ്ദി കപ്പിലും സംഭവിച്ചത് അമിത സമ്മര്‍ദമാണ്.

ഇവിടെയാണ് മറഡോണ എന്ന ഇതിഹാസത്തിന്‍റെ മികവ് വ്യക്തമാകുന്നത്. മെക്സിക്കോ ലോകകപ്പില്‍ ടീമിനെ നയിച്ചു ലോക ചാമ്പ്യന്‍മാരാക്കിയത് മറഡോണയുടെ സാന്നിധ്യമായിരുന്നു. അര്‍ജന്‍റീനയുടെ ബലവും അതായിരുന്നു. സംഘടിതമായി പോരാടി നേട്ടം കൊയ്യുകയായിരുന്നു മറഡോണ. ഈയൊരു പ്രഭാവമാണ് മെസിയില്‍ ഇല്ലാതെ പോയത്. ക്ലബ് മത്സരങ്ങളിലെ പിന്തുണ ചിലപ്പോള്‍ ദേശീയ ടീമില്‍ ലഭിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്താണ് ഒരുനായകനു വേണ്ടത്. ഫൈനല്‍ വരെ മികച്ച പ്രകടനം മെസിയില്‍ നിന്നുണ്ടായി എന്നതു മറക്കുന്നില്ല. എന്നാലും ടീമിനെ ജയിപ്പിക്കുകയെന്നതാണ് ഒരു നായകന്‍റെ കര്‍ത്തവ്യം.

കോപ്പ ശതാബ്ദി ഫൈനല്‍ മത്സരം ശ്രദ്ധിക്കുക. ചിലി തികച്ചും ആക്രമണ സ്വാഭാവമാണ് കൈകൊണ്ടത്. അര്‍ജന്‍റീനയേക്കാള്‍ ചങ്കുറപ്പും സംഘബലവും ചിലിയില്‍ നിന്നാണ് കണ്ടത്. വിദാല്‍, സാഞ്ചെസ്, വര്‍ഗാസ് തുടങ്ങിയ കളിക്കാരുടെ ആവേശം ആ ടീമിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടക്കത്തിലെ അര്‍ജന്‍റീനയില്‍ നിന്നേറ്റ തോല്‍വി അവരെ ബാധിച്ചില്ല. കിരീടം നിലനിര്‍ത്താനും ചിലിക്കായി.

Leave a Reply

Your email address will not be published. Required fields are marked *